പത്തനാപുരം: അകാലത്തില്‍ വിടപറഞ്ഞ നിര്‍ധനനായ സഹപാഠിയുടെ കുടുംബത്തിന് കിടപ്പാടമൊരുക്കി ഒരുപറ്റം കൂട്ടുകാര്‍. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹൈസ്കൂളിലെ 1982 ബാച്ച് വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഓര്‍മക്കൂട്ടം-82 ആണ് സഹപാഠിയുടെ കുടുംബത്തിന് കൈത്താങ്ങായി നാടിന് മാതൃകയായി മാറിയത്.
മഞ്ചള്ളൂര്‍ കളീലഴികത്ത് വീട്ടില്‍ പരേതനായ വേണുവിന്റെ കുടുംബത്തിനാണ് സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ വീടൊരുങ്ങിയത്. വിരമിച്ച പ്രഥമാധ്യാപകന് കുരാ പി ജോര്‍ജ് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. 1982 ബാച്ചിലെ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ എട്ടുലക്ഷം രൂപയിലധികം ചെലവഴിച്ചാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഡ്രൈവറായി ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന വേണു രോഗബാധിതനായി ദീര്‍ഘനാള്‍ ചികിത്സയിലായശേഷമാണ് മരിച്ചത്. വീടില്ലാതെ കടബാധ്യതയില്‍ വിഷമിക്കുന്ന കുടുംബത്തിന് വേണുവിനൊപ്പം പഠിച്ചവരുടെ സഹായം സ്വപ്നഭവനമാണ് സമ്മാനിച്ചത്.
ഓര്മക്കൂട്ടത്തിലെ അംഗമായ ജോജി മാത്യു ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് ഉദ്ഘാടനം ചെയ്തു. പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് തുളസി, ബെന്നി കക്കാട്, ഷാജി ലൂക്ക്, മണി സോമന്, ഫാറൂഖ് മുഹമ്മദ്, അജീഷ് മരുതിമൂട്ടില്‍, ആദകോട് ഷാജി, മഞ്ചള്ളൂര്‍ സതീഷ്, ബിജു തുണ്ടില്‍, ഉണ്ണിക്കൃഷ്ണന്, ഷാജഹാന്, സിപി മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.