കോതമംഗലം: മദ്യം വിറ്റെന്നാരോപിച്ച് എക്സൈസ് ഉദ്യോഗസ്ഥന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കോതമംഗലത്ത് സഹോദരന്റെ കടയില്‍ നിന്ന കോഴിപ്പിള്ളി സ്വദേശി ഇഞ്ചപ്പിള്ളിയില് ശ്രീധരനെയാണ് എക്സൈസ് ഉദ്യോഗസ്ഥന് മര്‍ദിച്ചത്. കൈകള്‍ക്കും നടുവിനും പരിക്കേറ്റ ഇയാളെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോതമംഗലം കോഴിപ്പിള്ളിക്കവലക്ക് സമീപം ചായക്കട നടത്തുന്ന ശ്രീധരന് തൊട്ടടുത്തുള്ള സഹോദരന്റ കടയില്‍ ചെന്നപ്പോഴാണ് എക്സൈസ് സംഘം അവിടെ എത്തിയത്. ഉടനെ ശ്രീധരനെ കടന്നുപിടിച്ച എക്സൈസ് ഉദ്യോഗസ്ഥന് കടയുടെ അകത്ത് കൊണ്ടുപോയി തീരാറായ മദ്യക്കുപ്പി എടുത്ത് കാണിച്ച് ഇവിടെ മദ്യവില്പ്പനയാണോടാ എന്ന് ചോദിച്ച് അതിക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. തുടര്‍ന്ന് എക്സൈസ് ഓഫീസിലേക്ക് കൊണ്ടു പോയി ചൂരലുപയോഗിച്ച് മര്‍ദനം തുടര്‍ന്നെന്നും ശ്രീധരന് പറഞ്ഞു.
അതേസമയം, ഒന്നര മാസം മുമ്പ് നെല്ലിക്കുഴി സ്വദേശി ഷക്കീറിനെ ബാറില്‍ പുകവലിച്ചെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദിച്ചതായും കാലുകള്‍ക്കും തുടയിലും നിരവധി പരിക്കുകളുമായി ഇയാള്‍ ചികിത്സ തേടിയെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. അതും ഈ ഉദ്യോഗസ്ഥനാണെന്നും ഇത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
എന്നാല്‍ മദ്യവില്പ്പനയുള്ളതായി സൂചന കിട്ടിയതുകൊണ്ട് താക്കീത് ചെയ്ത് പെറ്റിക്കേസ് എടുത്തു വിട്ടയക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് എക്സൈസ് അധികൃതരുടെ വിശദീകരണം.