കറുകച്ചാല്‍: വെറും 300 രൂപ ചെലവില്‍ ഓട്ടമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീന് നിര്‍മ്മിച്ച് താരമായി നാലാംക്ലാസുകാരന്. കങ്ങഴ പത്തനാട് വടക്കേറാട്ട് മുഹമ്മദ് സജിയുടെ മകന് മുഹമ്മദ് ആഷിക്കാണ് ഓട്ടമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്.
നെടുംകുന്നം സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്കൂള്‍ 4-ാം ക്ലാസ് വിദ്യാര്‍ഥിയാണ് ആഷിക്ക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങളിലും പങ്കാളിയാവുകയെന്ന ആശയത്തില്‍ നിന്നാണ് മുഹമ്മദ് ആഷിക്കിന് സ്വന്തമായി ഒരു ഓട്ടമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീന് നിര്‍മ്മിക്കുവാന്‍ പ്രചോദനം ലഭിച്ചത്.
യൂട്യൂബ് വിഡിയോ നോക്കിയും മറ്റുമാണ് ഈ കൊച്ചുമിടുക്കന് കാര്യങ്ങള്‍ പഠിച്ചെടുത്തത്. പിന്നീട് വീട്ടില്‍ നിന്ന് കിട്ടാവുന്ന പാഴ്വസ്തുക്കള് ശേഖരിച്ചു, അനുബന്ധ സാധനങ്ങള്‍ ഇലക്ട്രോണിക്സ് കടയില്‍ നിന്നും വാങ്ങി. 300 രൂപയാണ് ആകെ നിര്‍മാണ ചെലവ്. 5 മണിക്കൂര്‍ ആണ് സാനിറ്റൈസര്‍ മെഷീന് നിര്‍മ്മിക്കാനെടുത്ത സമയം.
ഒരു ലീറ്റര്‍ സാനിറ്റൈസര്‍ നിറയ്ക്കാവുന്ന 3 വോള്‍ട്ടിന്റെ മെഷീന് ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കാം. സാനിറ്റൈസര്‍ മെഷീന്റെ അടിഭാഗത്ത് കൈ വച്ചാല്‍ സെന്‍സര്‍ പ്രവര്‍ത്തിക്കുകയും കയ്യിലേക്ക് സാനിറ്റൈസര്‍ വീഴുകയും ചെയ്യും.
ഈ ഓട്ടമാറ്റിക് സാനിറ്റൈസര്‍ മെഷീന് പിതാവ് മുഹമ്മദ് സജിയുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് ഏജന്‍സി ഓഫിസില്‍ സ്ഥാപിക്കാനാണ് ആഷിക്കിന്റെ തീരുമാനം. സമീനയാണ് ആഷിക്കിന്റെ മാതാവ്. ആല്‍ഫിയ, ഫിദ ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുഞ്ഞന്‍ ഫാന്‍ നിര്‍മിച്ചായിരുന്നു ആഷികിന്റെ കലാപരമായ നിര്‍മ്മാണങ്ങളുടെ തുടക്കം.