കല്പറ്റ: വയനാടും, വയനാട്ടിലെ 12 പ്രതിഭകളേയും ലോകത്തിനു മുന്പില് ബ്രാന്‍ഡ് ചെയ്യാന്‍ ‘നമ്മുടെ വയനാട്’ കലണ്ടറുമായി രാഹുല്‍ ഗാന്ധി എംപി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള 12 പ്രതിഭകളുടെയും, വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ചിത്രങ്ങളുള്‍ ഉള്‍പ്പെടുത്തി രാഹുലിന്റെ വയനാട് ഓഫിസാണു കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്.
ഓരോ മാസത്തിന്റെ പേജിലായാണ് ഓരോരുത്തരുടെ പടം. അരയ്ക്കു താഴെ തളര്‍ന്നിട്ടും കാര്‍ഷികവൃത്തിയെ വിട്ടുപിരിയാത്ത വെള്ളമുണ്ടയിലെ കുംഭാമ്മയാണു ജനുവരിയിലെ ചിത്രം. കാഴ്ചപരിമിതിയുള്ള മാപ്പിളപ്പാട്ടുകാരന് മുഹമ്മദ് ആഷിഖ്, പുല്പള്ളിയിലെ കര്‍ഷകദമ്പതികളായ എന്‍വി മാത്യുവും മേരി മാത്യുവും, ചോലനായ്ക്ക ആദിവാസി വിഭാഗത്തിലെ ആദ്യ ബിരുദധാരി സി വിനോദ്, രാജ്യാന്തര വോളിബോള്‍ താരം ജിംന ഏബ്രഹാം, യുവ ഫുട്ബോള്‍താരം എംഎം വിശാഖ്, ദേശീയ അധ്യാപക പുരസ്കാരം നേടിയ നിയാസ് ചോല, ആദിവാസി കോളനിയില്‍ നിന്നെത്തി സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 2 സ്വര്‍ണവും ഒരു വെള്ളിയും നേടിയ എംകെ വിഷ്ണു, ചെറുപ്രായത്തില്‍ത്തന്നെ സ്വയം വികസിപ്പിച്ചെടുത്ത യന്ത്രങ്ങളുമായി അദ്ഭുതം സൃഷ്ടിച്ച റ്റെലന്‍ സജി, വ്യോമസേനയുടെ പാരാജംപിങ് ക്യാമ്പില്‍ പങ്കെടുത്ത കെ ഫര്‍സാന റഫീഖ്, ഗിന്നസ് റെക്കോര്‍ഡ് നേടിയ കാര്‍ട്ടൂണിസ്റ്റ് എം ദിലീഫ്, കവയിത്രി പിഎസ് നിഷ എന്നിവരെ കലണ്ടറിന്റെ തുടര്‍ന്നുള്ള പേജുകളില്‍ കാണാം.
നെല്‍വയലുകള്‍, കൊറ്റില്ലം, വയനാട് ചുരം, മുത്തങ്ങ വന്യജീവി സങ്കേതം, കനോലി തേക്ക് മ്യൂസിയം, ചാലിയാര്‍ പുഴ, ബാണാസുര സാഗര്‍ ഡാം, പഴശ്ശിരാജാ സ്മാരകം, വെള്ളരിമല തുടങ്ങിയവയാണു കലണ്ടറില്‍ ഇടംപിടിച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ രേഖാചിത്രമാണ് ഓരോ മാസത്തെയും കവര്‍ചിത്രം. ഒപ്പം പ്രതിഭകളുടെ ഫോട്ടോയും ലഘുവിവരണവും. കലണ്ടര്‍ ഇംഗ്ലിഷിലും മലയാളത്തിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തിലെ വീടുകളില്‍ എത്തിച്ചു കൊടുക്കും.