കാസര്‍കോട്: ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും ഒറ്റ പ്രവേശന കവാടം പണിത് മതമൈത്രി വിളിച്ചോതി ഒരു നാട്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ രണ്ട് ദേശങ്ങളിലെ ആരാധനാലയങ്ങള്‍ക്കാണ് ഈ ഒരുമയുടെ കവാടം ഒരുങ്ങുന്നത്. മതത്തിനുവേണ്ടി കലഹിക്കുന്നവര്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്നാണ് ഇവിടത്തെ നാട്ടുകാര്‍ പറയുന്നത്.
ആയമ്പാറ മഹാവിഷ്ണു ക്ഷേത്രം, മീത്തലെ കുണിയ ബിലാല്‍ മസ്ജിദ് എന്നീ ആരാധനാലയങ്ങളിലേക്കാണ് ഒറ്റ പ്രവേശന കവാടം. കാസര്‍കോട് കാഞ്ഞങ്ങാട് ദേശീയ പാതയ്ക്കരികില്‍ കുണിയ ആയമ്പാറ റോഡിലാണ് കവാടം നിര്‍മാണം പൂര്‍ത്തിയാകുന്നത്. ഈ പ്രവേശന കവാടത്തിലൂടെ സഞ്ചരിച്ചാല്‍ ആദ്യമെത്തുന്നത് ബിലാല്‍ മസ്ജിദിലാണ്. പിന്നീട് എത്തുക ക്ഷേത്രത്തിലേക്കും.
കേരള ക്ഷേത്രമാതൃകയിലും പള്ളിയുടെ മാതൃകയിലുമാണ് കവാടം നിര്‍മിച്ചിരിക്കുന്നത്. വലതുഭാഗത്തെ തൂണിന് മുകളില്‍ കേരളത്തനിമയോടെ ക്ഷേത്ര മാതൃകയും, ഇടതുഭാഗത്തെ തൂണിനു മുകളില്‍ മസ്ജിദ് മാതൃകയുമാണ് ഒരുക്കിയിട്ടുള്ളത്. ഇതിനകം തന്നെ നിര്‍മ്മാണത്തിന് അഞ്ചുലക്ഷം രൂപ ചെലവായി.
നേരത്തെ ഈ റോഡില്‍ മസ്ജിദിനായി ഇരുമ്പ് കമാനമാണ് ഉണ്ടായിരുന്നത്. അതിന്റെ ഒരുഭാഗത്ത് ക്ഷേത്രം റോഡ് എന്നെഴുതിയിരുന്നു. കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തിന്റെ യുഎഇ കമ്മിറ്റി പുതിയ കവാടം നിര്‍മിക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അത് നിര്‍മിക്കുന്നത് മസ്ജിദ് കമ്മിറ്റിയുമായി ആലോചിച്ചുമതിയെന്ന് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
അങ്ങനെയാണ് ഇരു ആരാധനലായങ്ങളുടെ കമ്മിറ്റികള്‍ ചേര്‍ന്ന് കവാട നിര്‍മാണത്തിന് സംഘാടക സമിതി രൂപീകരിച്ചത്. അബ്ദുല്‍ ഖാദര്‍ സഅദി ചെയര്‍മാനും, കെ നാരായണന് കണ്‍വീനറുമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അവസാനഘട്ട മിനുക്ക് പണികളാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെ കുണിയയില്‍ പുതുക്കിപ്പണിത ഖിള് രിയ ജുമാമസ്ജിദിന്റെ ഉദ്ഘാടനത്തില്‍ മതമൈത്രി വിളിച്ചോതുന്ന സഹകരണമാണ് ഇരുകൂട്ടരും നടത്തിയത്.