അഹമ്മദാബാദ്: പ്രതിപക്ഷത്തിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോഡി. താന്‍ ഭീകരതയ്ക്കെതിരെ സമരം ചെയ്യുമ്പോള്‍, പ്രതിപക്ഷം ഭീകരവാദത്തിനെതിരെ സമരം ചെയ്യാതെ തനിക്കെതിരെയാണ് പോരാടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അസംഘടിത മേഖലയിലുള്ളവര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പ്രധാനമന്ത്രി ശ്രം യോഗി മന്ധന് യോജന പെന്ഷന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകവേയായിരുന്നു മോഡിയുടെ വിമര്‍ശനം.
”എന്നെ ഒഴിവാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവരുടെ ആവശ്യം മോഡിയെ ഇല്ലാതാക്കുകയാണ്. എന്നാല്‍ ഞാന്‍ ശ്രമിക്കുന്നത് അഴിമതി ഇല്ലായ്മ ചെയ്യാനാണ്. അവര്‍ പോരാടുന്നത് എനിക്കെതിരെയാണ്. എന്നാല്‍ ഞാന്‍ സമരം ചെയ്യുന്നത് ഭീകരതയ്ക്കെതിരെയാണ്.” മോഡി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ നിലകൊള്ളുന്ന തന്നെ ഒഴിവാക്കാന്‍ പ്രതിപക്ഷം അക്ഷീണം പരിശ്രമിക്കുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.