ലക്നൗ: സ്കൂള്‍ ഗ്രൗണ്ട് ഗോശാലയാക്കാനുള്ള നീക്കത്തിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം കനക്കുന്നു. ബല്‍റാംപൂരിലെ ഫസല്‍ ഇറഹ്മാനിയ ഇന്റര്‍ കോളജിലെ ഗ്രൗണ്ടാണ് ഗോശാല നിര്‍മ്മിക്കുന്നതിനു വേണ്ടി അധികൃതര്‍ ഏറ്റെടുക്കുമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. എന്നാല്‍ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍.
40 വര്‍ഷത്തോളമായി വിദ്യാര്‍ത്ഥികള്‍ കളിച്ച് കൊണ്ടിരിക്കുന്ന സ്കൂളിന്റെ 2.5 ഏക്കര്‍ വരുന്ന ഗ്രൗണ്ടാണ് ഗോശാലയാക്കി മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഒരുകാരണവശാലും ഗ്രൗണ്ട് വിട്ട് നല്‍കില്ലെന്നും ഗോശാല നിര്‍മ്മിച്ചാല്‍ കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഇത്തരമൊരു നീക്കത്തിനെക്കുറിച്ച് സ്കൂളില്‍ അറിയിച്ചിട്ടില്ലെന്നും നടപടിക്കെതിരെ ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു. ഗ്രാമത്തില്‍ ധാരാളം സ്ഥലമുണ്ടായിട്ടും എന്തുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഈ ഗ്രൗണ്ടുതന്നെ ഗോശാല നിര്‍മ്മിക്കാന്‍ തെരഞ്ഞെടുത്തതെന്നും മാനേജര്‍ ഷരിഖ് റിസ്വി ചോദിച്ചു.
1977ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എന്‍ഡി തിവാരി സ്കൂളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് വിദ്യാര്‍ത്ഥികളുടെ പ്രകടനം കണ്ടാണ് അദ്ദേഹം ഭൂമി നല്‍കിയതെന്ന് മുഹമ്മദ് ഇസ്മായില്‍ വ്യക്തമാക്കി. 40 വര്‍ഷത്തോളമായി ഗ്രൗണ്ട് ഉപയോഗിക്കുന്നു. ഇതുസംബന്ധിച്ച രേഖകളും കൈവശം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.