29 വയസ്സായിട്ടും മകന് വിവാഹം കഴിക്കാത്തതില്‍ മനംനൊന്ത് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് പിതാവ്. ചൈനയിലാണ് സംഭവം. പ്രായമായിട്ടും പെണ്ണുകെട്ടുകയോ അതിന് ശ്രമിക്കുകയോ ചെയ്യാത്ത അവസ്ഥയാണ് മരണകാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഷാങ്ഹായി റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ആത്മഹത്യാശ്രമം. 55-കാരനായ പിതാവ് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. അതിനു തൊട്ടുമുമ്പായി താന്‍ വിഷം കഴിച്ചതായി അദ്ദേഹം റെയില്‍വേ ഗാര്‍ഡുകളോട് പറഞ്ഞിരുന്നു. ഒപ്പം ആത്മഹത്യാ കുറിപ്പായി ഒരു കടലാസും അവരെ ഏല്‍പ്പിച്ചു.
also read: കേസിൽ നിന്ന് ‘ഊരാൻ’ കൈക്കൂലി വാങ്ങി; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
അതിലാണ്, 29 വയസ്സായിട്ടും കല്യാണം കഴിക്കാത്ത മകന്റെ അവസ്ഥയില്‍ നാണംകെട്ടാണ് താന്‍ ആത്മഹത്യാ ശ്രമം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ”ഗ്രാമത്തിലെ എന്റെ പ്രായക്കാര്‍ക്കെല്ലാം മക്കളും മരുമക്കളുമായി. നീയിങ്ങനെ പെണ്ണുകെട്ടാതെ നടന്നതിനാല്‍ എനിക്ക് മറ്റുള്ളവരുടെ മുഖത്തു നോക്കാനാവുന്നില്ല.”-കത്തില്‍ ഇയാള്‍ എഴുതി.
റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടനെ തന്നെ ഗാര്‍ഡുകള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന് എതിരെ ആത്മഹത്യാശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.