ആസിഡ് ആക്രമണത്തിലൂടെ തന്റെ മുഖം വികൃതമാക്കിയ അതേ വ്യക്തിയെ തന്നെ പ്രേമിച്ച്, വിവാഹം കഴിച്ച് യുവതി. 20 -കാരിയായ ബെര്ഫിന് ഒസെക്കിയാണ് 23 -കാരനായ കാസിം ഓസാന്‍ സെല്‍റ്റികിനെ ജീവിതപങ്കാളിയാക്കിയത്. 2019 -ലാണ് കാസിം ബെര്ഫിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്.
കാസിമുമായുള്ള സ്നേഹബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ പ്രതികാരമായിരുന്നു ആ ആക്രമണം. ‘എനിക്ക് നിന്നോടൊപ്പം ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍, വേറെ ആര്‍ക്കും അതിന് കഴിയേണ്ടെന്ന്’ ആസിഡ് മുഖത്ത് ഒഴിക്കുന്നതിന് മുന്‍പ് കെല്‍റ്റിക് അവളോട് പറഞ്ഞു.
ആക്രമണത്തെത്തുടര്‍ന്ന് ബെര്ഫിന് അതികഠിനമായ വേദന അനുഭവപ്പെട്ടു. അവള് മരിക്കുമെന്ന് തന്നെ അന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍, അവള് അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തില്‍, കണ്ണിലും ആസിഡ് വീണിരുന്നു. അതുകൊണ്ട് തന്നെ, കാഴ്ചയുടെ 70 ശതമാനം അവള്‍ക്ക് നഷ്ടമായി.
പൊലീസില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, കാസിം അവളോട് ക്ഷമാപണം നടത്താന്‍ തുടങ്ങി. ഇതിനിടയില്‍ അയാളെ പൊലീസ് ജയിലിലടച്ചു. ആദ്യമൊക്കെ അവള് അവനെ എതിര്‍ത്ത് നിന്നു. എന്നാല്‍, പതുക്കെ പതുക്കെ അവളുടെ മനസ്സും മാറാന്‍ തുടങ്ങി. അയാള്‍ക്കെതിരെയുള്ള പരാതി പോലും പിന്‍വലിക്കാന്‍ അവള് ഒരു ഘട്ടത്തില്‍ തീരുമാനിച്ചു.
ആ സമയത്ത് അവള് പൊലീസിന് എഴുതി: ‘അവന് അവിടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുന്നത് എനിക്ക് സഹിക്കുന്നില്ല. ഞങ്ങള്‍ പരസ്പരം ഒരുപാട് കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. ഞാന്‍ എന്നെത്തന്നെ അവനു നല്കി. ഞാന്‍ അവനെ വളരെയധികം സ്നേഹിക്കുന്നു, അവന് എന്നെയും.’ എന്നാല്‍ അവളുടെ ഈ തീരുമാനം പുറത്തറിഞ്ഞതോടെ, പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരാന്‍ തുടങ്ങി.
അതിനുശേഷം തനിക്ക് തെറ്റ് പറ്റി എന്ന് മനസ്സിലാക്കിയ അവള് പരാതിയുമായി മുന്നോട്ട് പോയി. തല്‍ഫലമായി, തുര്‍ക്കിയിലെ ഇസ്കെന്‍ഡറുണ്‍ ജില്ലയിലെ ഒരു കോടതി അവളുടെ മുന്‍ കാമുകനെ 13 വര്‍ഷവും ആറ് മാസവും തടവിന് ശിക്ഷിച്ചു.
എന്നാല്‍ കോവിഡ് മൂലമുണ്ടായ നിയമപരിഷ്കാരങ്ങള്‍ കാരണം, കാസിം ജയില്‍ നിന്ന് മോചിതനായി. അവിടെ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ അയാള്‍ അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ഏറ്റവും വിചിത്രമായ കാര്യം അവള് രണ്ടാമതൊന്ന് ചിന്തിക്കാതെ അതിന് യെസ് പറഞ്ഞു. സംഭവം ആദ്യംബന്ധുക്കളെയെല്ലാം നടുക്കി. പിന്നീട് എല്ലാവരും വിവാഹത്തിന് സമ്മതിച്ചു.