ധാക്ക: ബംഗ്ലാദേശിലെ തെക്കന്‍ മേഖലയില്‍ ബോട്ടിന് തീപിടിച്ച് വന്‍ ദുരന്തം. ബോട്ടിലുണ്ടായിരുന്ന മുപ്പത്തിരണ്ട് പേര് മരണപ്പെട്ടു. മൂന്ന് നിലകളുള്ള ‘ഒബിജാന്‍’ എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. മുപ്പത്തിരണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും തീപൊള്ളലേറ്റവരാണ്. എന്നാല്‍ മറ്റുചിലര്‍ രക്ഷപ്പെടുന്നതിനായി വെള്ളത്തിലേയ്ക്ക് ചാടിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു.
തലസ്ഥാനമായ ധാക്കയില്‍ നിന്ന് 250 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന ജലോകതിയില് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഏകദേശം അഞ്ഞൂറോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. എഞ്ചിന് റൂമിലുണ്ടായ തീപിടുത്തം ബോട്ടിലേയ്ക്ക് വ്യാപിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പൊള്ളലേറ്റ നൂറുപേരെ ബരിസല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. അറ്റകുറ്റപ്പണികള്‍ നടത്താത്തതും കപ്പല്‍ശാലകളില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.