അബുദാബി: ഇന്ത്യന്‍ ഓഷ്യന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ യുഎഇയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
ഖസ്ര് അല്‍ ശാതിയില് നടന്ന കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു. പൊതുവായ താല്‍പ്പര്യമുള്ള, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളും വികസനങ്ങളും സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ഇരു നേതാക്കളും പങ്കുവെച്ചു.
അഞ്ചാമത് ഇന്ത്യന്‍ ഓഷ്യന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഡോ. എസ് ജയ്ശങ്കര് ശനിയാഴ്ച അബുദാബിയിലെത്തിയത്. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന യുഎഇയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസകള്‍ എസ് ജയ്ശങ്കര് ശൈഖ് മുഹമ്മദിനെ അറിയിച്ചു. നരേന്ദ്ര മോഡിക്ക് ആശംസകള്‍ കൈമാറിയ ശൈഖ് മുഹമ്മദ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.