മകളുടെ ഒന്നാംപിറന്നാളും ഭാര്യയുടെ ഒന്നാംചരമവാര്ഷികവും ഒരു ദിവസമായതോടെ വിഷമത്തിലായിരുന്നു ജയിംസ് അല്‍വാരസ്. മകള്‍ അദേലിനിന്റെ ജന്മദിനം എങ്ങനെ ആഘോഷിക്കണമെന്നത് ജെയിംസിനെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയായിരുന്നു.
അങ്ങനെയാണ് ഒരു ഫോട്ടോഷൂട്ടിലൂടെ ആ പ്രതിസന്ധി മറികടന്നത്. മരിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് യെസേനിയയുമൊത്ത് ജയിംസ് ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. യെസേനിയ അന്ന് ധരിച്ചിരുന്ന അതേ നിറത്തിലുള്ള വസ്ത്രങ്ങള്‍ മകളെ അണിയിച്ച് അന്നത്തെ ഫോട്ടോഷൂട്ട് അച്ഛനും മകളും കൂടി പുനസൃഷ്ടിച്ചു.
പണ്ട് ജയിസിന്റെയും യെസേനിയയുടേയും ഫോട്ടോഷൂട്ട് എടുത്ത അതേ ഫോട്ടോഗ്രാഫര്‍ തന്നെയാണ് അന്നത്തെ ഫോട്ടോഷൂട്ട് അച്ഛനെയും മകളെയും വച്ച് പുനസൃഷ്ടിക്കാം എന്ന ആശയം ജയിംസിന് നല്‍കുന്നത്. ഫോട്ടോസ് കാണുന്നവരുടെ എല്ലാം കണ്ണുകളില്‍ ഈറനണിയിക്കുന്നവയാണ് ഓരോ ഫോട്ടോകളും.
35 ആഴ്ച ഗര്‍ഭിണിയായ ഭാര്യയുമൊത്ത് സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു ജയിംസ് അല്‍വാരസ്. എന്നാല്‍ അമിതമായി മദ്യപിച്ച ഒരു വ്യക്തി ഓടിച്ച കാര്‍ ഇവരെ വന്നിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയിംസിന്റെ ഭാര്യ യെസേനിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവരുടെ ജീവന് രക്ഷിക്കുവാന്‍ സാധിച്ചില്ല.
എന്നാല്‍ മരണമടയുന്നതിനു മുമ്പ് യെസേനിയ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ‘അദേലിന് ജനിച്ച അന്ന് തന്നെയാണ് അവളുടെ അമ്മ ഞങ്ങളെ വിട്ടുപിരിയുന്നത്. അതിനാല്‍ തന്നെ അവളുടെ ജന്മദിനം സന്തോഷത്തിന്റെയും വിഷമത്തിന്റെയും മിശ്രിതമാണ് ഞങ്ങള്‍ക്കു തരുന്നത്,’ ജയിംസ് പറഞ്ഞു.