ന്യൂഡല്‍ഹി: പാകിസ്താന് പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന മുന്‍ ക്രിക്കറ്റ് താരവും തെഹരീക്ക്ഇ ഇന്‍സാഫ് ചെയര്‍മാനുമായ ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവിനും നവജ്യോത് സിംഗ് സിദ്ദുവിനും ക്ഷണം.
പഞ്ചാബ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രികൂടിയായ സിദ്ധു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കളിക്കളത്തിലും കമന്ററി ബോക്സിലുമായി നീണ്ട സൗഹൃദമാണ് സിദ്ദുവിന് ഇമ്രാന് ഖാനുമായുളളത്. വ്യക്തിപരമായ ക്ഷണമാണ് ലഭിച്ചതെന്നും, ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും സിദ്ദു വ്യക്തമാക്കി.
ആഗസ്റ്റ് 18ന് ഇസ്ലാമാബാദിലാണ് സത്യപ്രതിജ്ഞ. നേരത്തെ ബോളിവുഡ് താരം അമീര്‍ ഖാനെയും ക്രിക്കറ്റ് താരം സുനില്‍ ഗവാസ്കറെയും ഇമ്രാന് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നു.