കോവിഡ് ഭീതിയില്‍ കഴിയുകയാണ് ലോകജനത. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിന് പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. അതിനിടെ കോവിഡ്- 19 നേക്കാള്‍ മാരകമായ ഒരു മഹാമാരി മനുഷ്യവംശത്തിനുതന്നെ ഭീഷണിയായേക്കാമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ഇനിയും വിശദാംശങ്ങള്‍ തിരിച്ചറിയാനായിട്ടില്ലാത്ത, ഡീസീസ് X എന്നു തല്ക്കാലം പേരിട്ടിട്ടുള്ള ഒരു രോഗത്തിന്റെ സാന്നിധ്യം ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കില്‍ കണ്ടെത്തിയതാണ് ആരോഗ്യ വിദഗ്ധരെ ആശങ്കയിലാക്കുന്നത്.
കോവിഡിനെ പോലെ അതിവേഗം പടരുകയും എബോളയെ പോലെ മരണം വിതയ്ക്കുകയും ചെയ്തേക്കാം.
എന്നാല്‍ രോഗത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തതും മഹാമാരിയാകാന്‍ സാധ്യതയുള്ളതുമായ രോഗങ്ങളെ കുറിക്കാന്‍ ലോകാരോഗ്യ സംഘടന ഉപയോഗിക്കുന്ന നാമമാണ് ഡിസീസ് X.
അപ്രതീക്ഷിതം എന്നര്‍ഥം വരുന്ന ‘unexpected’ ന്റെ ചുരുക്കെഴുത്താണ് X. കോംഗോയിലെ ഇന്‍ഗെന്‍ഡെയിലാണ് ഡിസീസ് X സംശയിക്കുന്ന ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയും രക്തസ്രാവവുമുള്ള ഈ രോഗിയില്‍ എബോള അടക്കമുള്ള വിവിധ രോഗങ്ങളുടെ നിര്‍ണയത്തിനായി പരിശോധന നടത്തി.
പക്ഷേ അതെല്ലാം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതോ മാരക രോഗമാകാമെന്ന സംശയമുയര്‍ന്നത്. കോവിഡില്‍നിന്ന് വ്യത്യസ്തമായി 50 മുതല്‍ 90 വരെ ശതമാനം മരണ നിരക്ക് ഡിസീസ് X ന് ഉണ്ടാകുമെന്ന് കണക്കാക്കുന്നു.
ഈ രോഗം അതിമാരകമാകാമെന്ന് 1976 ല്‍ ആദ്യമായി എബോള വൈറസ് കണ്ടെത്തിയ സംഘത്തിലെ മൈക്രോബയോളജിസ്റ്റ് പ്രഫ. ഷോണ്‍ ഷാക് മുയെംബെ തംഫും മുന്നറിയിപ്പ് നല്കുന്നു. കോവിഡിനെ പോലെ ജന്തുജന്യമായിരിക്കാം ഡിസീസ് X. ഇത് ഉള്‍പ്പെടെ നിരവധി ജന്തുജന്യ രോഗങ്ങളാണ് മനുഷ്യവംശത്തെ കാത്തിരിക്കുന്നതെന്നും തുംഫാം പറയുന്നു.
ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ ഇത്തരം നിരവധി വൈറസുകളുടെ പ്രഭവ കേന്ദ്രമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കോവിഡ് പ്രത്യക്ഷപ്പെടുന്നതിനു മുമ്പും നിരവധി ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും മാരകമായ ജന്തുജന്യ രോഗങ്ങളുടെ സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു.