കാന്‍ബറ: കൈകളില്‍ ടാറ്റു ചെയ്യുന്നതിനോട് താല്പര്യം ഉള്ള യുവതികള്‍ അനവധിയാണ്. എന്നാല്‍ ടാറ്റു ചെയ്യുന്നവര്‍ക്കുണ്ടാവുന്ന ദുരനുഭവങ്ങളും ആരും തന്നെ ശ്രദ്ധിക്കാറുമില്ല. ഇപ്പോഴും ടാറ്റു കുത്തുവാന്‍ പരക്കം പാച്ചിലിലാണ് ആളുകള്‍. അവരോടായി തന്റെ ദുരനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് സൗത്ത് ഓസ്ട്രേലിയയില്‍ നിന്നുള്ള 25കാരി. ഹെന്ന ടാറ്റുവിന് പിന്നില്‍ താന്‍ നേരിട്ടതുപോലെയുള്ള അപകടം പതിഞ്ഞിരിക്കുന്നുവെന്നാണ് ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ബ്രൂക്ക് ക്രാന്നഫോര്ഡ് എന്ന യുവതി മുന്നറിയിപ്പ് നല്‍കുന്നത്.
ഈജിപ്ത് യാത്രയ്ക്കിടെയാണ് ബ്രൂക്ക് തന്റെ കൈയ്യില്‍ ഹെന്ന ടാറ്റു പതിച്ചത്. പ്രകൃതിദത്ത കൂട്ടുകള്‍ ഉപയോഗിച്ചുള്ള ഹെന്ന ആണെന്ന് ഉറപ്പു നല്‍കിയാണ് ടാറ്റു പതിച്ചത്. എന്നാല്‍ ടാറ്റു പതിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ യുവതിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. കുമിളകള്‍ വന്ന് പൊള്ളി വീര്‍ത്ത് പൊട്ടുവാന്‍ തുടങ്ങുകയും ചെയ്തു.
‘ഇതിനു മുന്‍പ് ഇന്ത്യ സന്ദര്‍ശനത്തിനിടെയും ഹെന്ന ടാറ്റു ചെയ്തിരുന്നു. അന്ന് യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. മാത്രമല്ല ടാറ്റു ചെയ്യാന്‍ എനിക്ക് ഇഷ്ടവുമാണ്. എന്നാല്‍ ഇത് മറ്റൊരനുഭവമായിരുന്നു. ഹെന്ന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കൈയ്യില്‍ ചൊറിയലും നീറ്റലും വന്നുതുടങ്ങി. ആദ്യ ദിവസം ഇത് കാര്യമാക്കിയില്ലെങ്കിലും അടുത്ത ദിവസത്തോടെ കൈ പൊള്ളി. നിറയെ കുമിളകള്‍ പ്രത്യക്ഷപ്പെട്ടു. ചെറുതായി തുടങ്ങിയ പൊള്ളല്‍ കൈയുടെ പുറംഭാഗത്തേക്ക് മുഴുവന്‍ വ്യാപിച്ചു. പഴുപ്പ് നിറഞ്ഞ അവസ്ഥയിലായിരുന്നു കൈ’- ബ്രൂക്ക് പറയുന്നു.
കൈയുടെ നില ഗുരുതരമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ കൈയില്‍ ഉണ്ടായത് സെല്ലുലൈറ്റിസ്(cellulitis) എന്ന അണുബാധയാണെന്ന് കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ചയോളം നീണ്ടുനിന്ന സ്റ്റിറോയിഡ് ചികിത്സ, ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍, ആന്റിബയോട്ടിക് മരുന്നുകള്‍ എന്നിവ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ശേഷമാണ് ബ്രൂക്കിന്റെ കൈകള്‍ക്ക് അല്പമെങ്കിലും ആശ്വാസം ലഭിച്ചത്. ഹെന്ന ടാറ്റുവിന് പിന്നാലെ പോകുന്ന സ്ത്രീകള്‍ ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ബ്രൂക്ക് തന്റെ കഥ പങ്കുവെച്ചത്.