ഹനോയ്: ഇന്ത്യ- പാക് പ്രശ്നം ഉടന്‍ അവസാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശുഭ പ്രതീക്ഷയേകി ഇരു രാജ്യങ്ങളില്‍ നിന്നും നല്ല വാര്‍ത്തകളാണ് വരുന്നതെന്നും ട്രംപ് പറഞ്ഞു. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി വിയറ്റ്നാമില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ പാകിസ്താനിലെ ഭീകരത്താവളങ്ങള്‍ ബോംബിട്ട് തകര്‍ത്തത്. ഇതിന് പിന്നാലെ പാകിസ്താനും ആക്രമണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്.
എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന വിവരമാണ് തനിക്ക് ലഭിച്ചതെന്ന് ട്രംപ് പറഞ്ഞു. നഷ്ടപ്പെട്ട സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇടപെടാന്‍ യുഎസ് ശ്രമിച്ചിരുന്നു. അധികം വൈകാതെ തന്നെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന ശുഭവാര്‍ത്ത കേള്‍ക്കാനാവുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.