ഹനോയി: ആകാംഷയോടെ ലോകം കാത്തിരിക്കുന്ന ട്രംപ്-കിം ഉച്ചകോടി ഇന്ന്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന് കിം ജോങ് ഉന്‍ ചൊവ്വാഴ്ച വിയറ്റ്നാമിലെത്തി. കിമ്മിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് വിയറ്റ്നാമില്‍ ഒരുക്കിയത്.
ഡോങ് ഡാങ് ടൗണിലെ സ്റ്റേഷനിലെത്തിയ ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന് വന്‍ സ്വീകരണമാണ് വിയറ്റ്നാം അധികൃതര്‍ ഒരുക്കിയത്. ചുവന്ന പരവതാനി വിരിച്ചും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയുമാണ് സ്വീകരിച്ചത്. ഇവിടെനിന്ന് ഉച്ചകോടി നടക്കുന്ന ഹനോയിയിലേക്കുള്ള 136 കിലോമീറ്റര്‍ ദൂരം കാറിലാണ് സഞ്ചരിച്ചത്.
ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം കൊറിയന്മുനമ്പിനെ അണുവായുധ വിമുക്തമാക്കുക എന്നതാണ്. ‘കിം ജോങ് ഉന്നുമായുള്ള ഉച്ചകോടിക്കായി വിയറ്റ്നാമിലേക്ക് തിരിക്കുകയാണ്. അത് വിജയകരമായി പര്യവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ -തിങ്കളാഴ്ച രാത്രി എയര്‍ഫോഴ്സ് വണില്‍ വെച്ച് ട്രംപ് ട്വീറ്റ് ചെയ്തു.