വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മൂന്നാംഘട്ട ചര്‍ച്ചകള്‍ ഈ മാസം 14-15 തീയതികളില്‍ നടക്കും. ബീജിങ്ങില്‍ വെച്ചായിരിക്കും ചര്‍ച്ച നടക്കുക. വ്യാപാരയുദ്ധം തുടര്‍ന്ന് പോയാലുണ്ടാകുന്ന പ്രതിസന്ധികളെപ്പറ്റിയും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യും.
വ്യാപാര തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച് ഒന്നിനകം തീരുമാനത്തിലെത്തണമെന്നാണ് ഇരു രാജ്യവും മുമ്പ് തീരുമാനിച്ചിരുന്നത്. ഈ സമയത്തിനുള്ളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ചൈനീസ് പ്രധാനമന്ത്രി ഷി ജിങ്പിങ്ങും തമ്മിലുള്ള ചര്‍ച്ച നടക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.
അമേരിക്കയെ പ്രതിനിധാനം ചെയ്ത് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്തൈസറും ട്രഷറി സെക്രട്ടറി സ്റ്റീഫന്‍ മുഞ്ചിനും ട്രംപ് ലോക ബാങ്ക് പ്രസിഡന്റായി നാമനിര്‍ദേശം ചെയ്ത ഡേവിഡ് മല്പാസും ചര്‍ച്ചയില്‍ പങ്കെടുക്കും. വൈറ്റ് ഹൗസാണ് ചര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.