വാഷിങ്ങ്ടണ്‍: അവര്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് വ്യാജ സര്‍വ്വകലാശാല വിസയുമായി ബന്ധപ്പെട്ട് യുഎസില്‍ അറസ്റ്റിലായ എല്ലാ വിദ്യാര്‍ഥികള്‍ക്കും അറിവുണ്ടായിരുന്നുവെന്ന് യുഎസ് വ്യക്തമാക്കി. ഇവര്‍ വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയത് രാജ്യത്തു തന്നെ തുടരുന്നതിന് വേണ്ടിയാണെന്നും സര്‍വ്വകലാശാല നിയമാനുസൃതമല്ല പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയാമായിരുന്നുവെന്നും യുഎസ് ആഭ്യന്തര വിഭാഗം പറഞ്ഞു.
യുഎസ് പോലീസ് കഴിഞ്ഞ ആഴ്ചയാണ് 129 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അടക്കം 130പേരെ അറസ്റ്റ് ചെയ്തത്. യുഎസില്‍ സ്റ്റുഡന്റ് വിസ തട്ടിപ്പ് നടത്തി തുടരുന്നവരെ കണ്ടെത്തുന്നതിനു വേണ്ടി അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ആരംഭിച്ച ‘വ്യാജ സര്‍വകലാശാല’യിലെ വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. ഡെട്രിയോട്ട്സ് ഫാമിങ്ടണ്‍ ഹില്‍സിലെ ഈ വ്യാജ സര്‍വ്വകലാശാല അനധികൃതമായി അമേരിക്കയിലിലേയ്ക്ക് കുടിയേറി താമസിക്കുന്നവരെ കണ്ടെത്തുന്നത് വേണ്ടി ഡിപ്പാര്‍ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അധികൃതര്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു.
വിദ്യാര്‍ത്ഥികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും വ്യാജ സര്‍വ്വകലാശാല പ്രവേശനം നേടിയവരെ നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. നാടുകടത്തിയാല്‍ പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഇവര്‍ക്ക് യുഎസിലേയ്ക്ക് പ്രവേശനം ലഭിക്കുകയുള്ളു. എന്നാല്‍ ഇമിഗ്രേഷന്‍ അറ്റോണി അവകാശപ്പെടുന്നത് സര്‍വ്വകലാശാല നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്ന് യുവാക്കള്‍ക്ക് അറിവില്ലായിരുന്നുവെന്നാണ്.
അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് വീട് വിട്ട് പുറത്തേയ്ക്ക് പോകുന്നതിനോ മറ്റുള്ളവരുമായി ഇടപഴകുന്നതിനോ സാധിക്കില്ല. വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്. 129 വിദ്യാര്‍ഥികള്‍ അറസ്റ്റിലായതിനു പിന്നാലെ യുഎസിലെ ഇന്ത്യന്‍ എംബസ്സി 24 മണിക്കൂര്‍ ഹെല്പ്പ്ലൈന് തുറന്നിരുന്നു. ഇന്ത്യന്‍ യുവാക്കളെ കുടുക്കാന്‍ ഇത്തരം നടപടികള്‍ ഉപയോഗിച്ചതിന് അധികൃതരെ അറ്റോണി വിമര്‍ശിക്കുകയും ചെയ്തിരുന്നു.