ദുബായ്: ദുബായിയില്‍ മറ്റൊരു അത്ഭുതം കൂടി ഉയരുന്നു. ഏറെ പ്രത്യേകതകളുള്ള ‘ബുര്‍ജ് ജുമേറ’ എന്ന കെട്ടിടത്തിന്റെ മാതൃക യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനാച്ഛാദനം ചെയ്തു. അല്‍ സുഫോഹില്‍ 550 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ കെട്ടിടത്തോടുചേര്‍ന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസകേന്ദ്രങ്ങള്‍ കൂടിയുണ്ടാവും എന്നാണ് റിപ്പോര്‍ട്ട്.
കെട്ടിടം ശൈഖ് സായിദ് റോഡിന് എതിര്‍വശത്തായി അല്‍ സുഫോഹിലാണ് ഉയരുക. കെട്ടിടത്തിന്റെ മാതൃകയുടെ ആശയം രൂപപ്പെട്ടിട്ടുള്ളത് മരുഭൂമികളിലെ മണല്ക്കൂനകളില് കാറ്റടിച്ച് രൂപപ്പെടുന്ന അലകളില്‍നിന്ന് ഇതിനോടുചേര്‍ന്ന് നിലകൊള്ളുന്ന മരുപ്പച്ചയില്‍ നിന്നുമാണ്.
ഡിജിറ്റല്‍ ഡിസ്പ്ലേ ഉള്ളതാവും കെട്ടിടത്തിന്റെ മുന്‍വശം. ആഘോഷരാവുകളിലും പ്രത്യേക സന്ദര്‍ഭങ്ങളിലും ഇത് പലതരത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ബുര്‍ജ് ജുമേറ നിര്‍മ്മിക്കുന്നത് ദുബായ് നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ച നല്കുന്ന നിരീക്ഷണ ഡെക്കുകളും സൗകര്യങ്ങളും നൂതന സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ്.
കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മിക്കുന്നത് ശൈഖ് മുഹമ്മദിന്റെ വിരലടയാളത്തിന്റെ മാതൃകയിലാണ്. ഇവിടെ ഒരുക്കുന്നത് കലാസാംസ്കാരിക പരിപാടികള്‍ക്കുള്ള വേദികളായിരിക്കും. ജലധാരകളും ആംഫിതിയേറ്ററും പച്ചപ്പുനിറഞ്ഞ ഇടങ്ങളുമെല്ലാമായി മനംമയക്കുന്ന കാഴ്ചകളോടെയാണ് ബുര്‍ജ് ജുമേറ ഉയരുക.