പനാമ: ലോകത്ത് സ്ത്രീകള്‍ക്കെതിരായ അക്രമം ദിനംപ്രതി വര്‍ധിച്ച് വരികയാണെന്നും അത് പ്ലേഗ് പോലെ പരക്കുകയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. സ്ത്രീകളോടുള്ള അക്രമം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിനുള്ള നടപടികള്‍ രാജ്യങ്ങളും സമൂഹങ്ങളും വ്യക്തികളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കണോമിക് കമ്മീഷന് ഫോര്‍ ലാറ്റിന്‍ അമേരിക്ക ആന്റ് കരീബിയന്റെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു മാര്‍പാപ്പയുടെ പ്രസംഗം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 2017 ല്‍ മാത്രം കൊല്ലപ്പെട്ടത് 2800 സ്ത്രീകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ സുരക്ഷയ്ക്കായി എല്ലാ രാജ്യങ്ങളും ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
യുവജനങ്ങള്‍ വളരെ എളുപ്പത്തിലാണ് ചൂഷണത്തിന് ഇരകളാവുന്നത്. സമൂഹമാധ്യമങ്ങള്‍ ഇതിന് വലിയ പങ്ക് വഹിക്കുന്നുണ്ട്. സത്യത്തെ വളച്ചൊടിക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും വ്യക്തിവിവരങ്ങളെ ദുരുപയോഗം ചെയ്യാനും സമൂഹമാധ്യമങ്ങളും ഇന്റര്‍നെറ്റും വലിയതോതില്‍ ഉപയോഗിച്ചു വരുന്നുണ്ട്. കുടുംബ ബന്ധങ്ങള്‍ തകരുന്നതിനും ഇത് കാരണമാവുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.