കാനഡ: മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തിനുള്ളില്‍ കൊടുംതണുപ്പില്‍ 16 മണിക്കൂര്‍ യാത്രികര്‍ കുടുങ്ങി. യുഎസില്‍നിന്നു ഹോങ്കോങ്ങിലേക്കുള്ള യാത്രയ്ക്കിടെ ഇറക്കിയ വിമാനത്തിന്റെ വാതില്‍ അടയ്ക്കാനാവാത്ത വിധം മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ ഉറഞ്ഞുപോയതാണ് യാത്രികരെ ദുരിതത്തിലാക്കിയത്.
ന്യൂജഴ്സിയിലെ ന്യൂമാര്‍ട്ടില്‍നിന്ന് 250 യാത്രക്കാരുമായി ഹോങ്കോങ്ങിലേക്കു യാത്ര തിരിച്ച യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് തണുത്ത് വിറച്ച് യാത്രികര്‍ മണിക്കൂറുകള്‍ തള്ളി നീക്കിയത്. യാത്രയ്ക്കിടെ ഒരാള്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തില്‍ ഇറക്കേണ്ടിവന്നത്.
മൈനസ് 30 ഡിഗ്രി സെല്‍ഷ്യസാണ് കാനഡയിലെ താപനില. രോഗിയായ യാത്രക്കാരനെ ഉടനെ ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ വിമാനത്തിന്റെ വാതില്‍ അടക്കാന്‍ ശ്രമിച്ചെങ്കിലും തണുപ്പില്‍ ഉറച്ചുപോയിരുന്നു. വാതില്‍ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ തണുപ്പ് ഉള്ളിലേക്ക് കയറി. ഇതോടെ യാത്രക്കാര്‍ വിറയ്ക്കാന്‍ തുടങ്ങി. ഗൂസ് ബേ വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നതു മൂലമാണ് യാത്രികര്‍ക്കു പുറത്തിറങ്ങാന്‍ പോലുമാകാതെ കൊടുംതണുപ്പില്‍ കഴിയേണ്ടിവന്നത്.
വിമാന ജീവനക്കാര്‍ യാത്രക്കാര്‍ക്ക് കമ്പിളിപ്പുതപ്പുകള്‍ നല്‍കിയെങ്കിലും തണുപ്പിനെ പ്രതിരോധിക്കാനായില്ല. മണിക്കൂറുകള്‍ പിന്നിട്ടതോടെ വെള്ളവും ആഹാരവും കിട്ടാതെയായി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒരു ഫാസ്റ്റ് ഫുഡ് ചെയിന്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് ആഹാരമെത്തിച്ചു നല്കി. ഒടുവില്‍ മറ്റൊരു വിമാനം എത്തിച്ച് യാത്രക്കാരെ അതിലേക്കു മാറ്റി ന്യൂമാര്ട്ടിലേക്കു തന്നെ തിരിച്ച് കൊണ്ടു പോയി.