വാഷിംഗ്ടണ്‍: കുര്‍ദ് വിഷയത്തില്‍ തുര്‍ക്കിയും യുഎസും തമ്മിലുള്ള വാക്പോര് ശക്തമായ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാരായ റജബ് ത്വയിബ് ഉര്‍ദുഗാനും ഡൊണള്‍ഡ് ട്രംപും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി. സിറിയയിലെ കുര്‍ദുകളുമായി തുര്‍ക്കിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉര്ദുഗാന് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന സൈനിക ഗ്രൂപ്പുകളുമായി പോരാടാന്‍ മാത്രമാണ് തുര്‍ക്കിയുടെ പദ്ധതിയെന്നും ഉര്ദുഗാന് പറഞ്ഞു. സിറിയയിലെ യുഎസ് സൈന്യത്തിന്റെ പിന്‍വാങ്ങലും വടക്കന്‍ സിറിയയെ സൈനിക ശക്തികളില്‍ നിന്ന് മോചിപ്പിച്ച് അവിടെ സുരക്ഷാ താവളമൊരുക്കുന്നതും ചര്‍ച്ചയായെന്ന് തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കി.
കുര്‍ദുകളുമായുള്ള യുഎസ് സൈന്യത്തിന്റെ ബന്ധത്തില്‍ കടുത്ത അതൃപ്തി തുര്‍ക്കി നേരത്തെ പങ്കുവെച്ചിരുന്നു. സിറിയയുടെ സുരക്ഷാ വിഷയത്തില്‍ തുര്‍ക്കിയുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നാണ് വൈറ്റ് ഹൗസ് അധികൃതര്‍ നല്കുന്ന വിവരം.