വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയത് മറച്ചു വെച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2017 ല്‍ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ച മറച്ചുവെച്ചു എന്ന ആരോപണത്തിന് മറുപടി ആയാണ് ട്രംപ് ഈ കാര്യം അറിയിച്ചത്. വിവരങ്ങള്‍ ഒന്നും മറച്ചു വെയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമര്‍ പുടിനുമായി 2017 ല്‍ ഹെല്‍സിങ്കിയില്‍ വെച്ച് രണ്ട് മണിക്കൂറിലധികം ട്രംപ് കൂടിക്കാഴ്ച നടത്തിയെന്നും അതിന്റെ വിവരങ്ങള്‍ ആരുമറിയാതെ രഹസ്യമാക്കിവെക്കുന്നുവെന്നുമായിരുന്നു ആരോപണം. 2016 തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ട്രംപിനെ റഷ്യ സഹായിച്ചു എന്ന ആരോപണത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കിയതിന് ശേഷം റഷ്യയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയോ എന്നറിയാന്‍ പുതിയ എഫ്ബിഐ ചീഫ് റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.