വാഷിംഗ്ടണ്‍: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരു മടിയുമില്ലെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില് നിര്‍മ്മാണത്തിന് പണം നല്‍കുമെന്ന കാര്യത്തില്‍ ഡെമോക്രാറ്റുകളുമായി സമവായത്തിലെത്തിയില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് ട്രംപ് നല്കുന്ന മുന്നറിയിപ്പ്.
ട്രഷറി അടച്ച് പൂട്ടിയിട്ട് ഇരുപത് ദിവസം പിന്നിടുമ്പോഴും അമേരിക്കയിലെ ഭാഗികമായ ഭരണസ്തംഭനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരു മടിയുമില്ലെന്നാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നത്. ട്രഷറികള്‍ അടച്ചിടുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു ട്രംപ് ആദ്യം പറഞ്ഞിരുന്നത്. ഒപ്പം അദ്ദേഹം ഡെമോക്രാറ്റുകളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
പ്രതിരോധ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് മതില് നിര്‍മ്മിക്കാന്‍ ട്രംപിന് ആലോചനയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് താന്‍ തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിന് മടിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.