സോള്‍: ഉത്തരകൊറിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാമെന്നുള്ള ട്രംപിന്റെ വാഗ്ദാനം നടപ്പിലാക്കണമെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ ആവശ്യപ്പെട്ടു. ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ സമാധാന ഉടമ്പടിയില്‍ നിന്ന് പിന്മാറുമെന്ന് ട്രംപിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കിം.
ലോകം മുഴുവന്‍ ഉറ്റുനോക്കിയ കിം ട്രംപ് കൂടിക്കാഴ്ച സിംഗപ്പൂരില്‍ വെച്ച് കഴിഞ്ഞ ജൂണിലായിരുന്നു നടന്നത്. ചര്‍ച്ചയില്‍ കൊറിയന്‍ ഉപദ്വീപില്‍ ആണവ നിരായുധീകരണം നടപ്പിലാക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും കാര്യങ്ങളില്‍ പുരോഗതിയൊന്നും ഉണ്ടായില്ല.
തുടര്‍ന്നാണ് ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നും, ട്രംപിന്റെ വാഗ്ദാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കിം ജോങ് ഉന്‍ രംഗത്തെത്തിയത്. പിന്‍വലിച്ചില്ലെങ്കില്‍ സമാധാന ഉടമ്പടിയില്‍ നിന്ന് പിന്മാറുമെന്നാണ് ട്രംപിന് കിമ്മിന്റെ താക്കീത്. കൂടാതെ രാജ്യതാല്പര്യങ്ങള് സംരക്ഷിക്കാന്‍ മറ്റ് കാര്യങ്ങള്‍ നോക്കുമെന്നാണ് കിം വ്യക്തമാക്കിയത്.