സന: യമനിലെ പ്രതിസന്ധിക്ക് അവസാനമാകുന്നു. ഹുദൈദയില്‍ നിന്നും ഹൂതി വിമതരുടെ പിന്മാറ്റത്തോടെ മേഖല നാവിക സേന ഏറ്റെടുക്കുന്നു. യുഎന്‍ മധ്യസ്ഥതയിലാണ് പ്രതീക്ഷ നല്കുന്ന ഈ നീക്കങ്ങളെല്ലാം. ഹൂതികള്‍ സര്‍ക്കാറുമായുണ്ടാക്കിയ ധാരണയിലാണ് പിന്മാറ്റം തുടങ്ങിയത്. പുതിയ മാറ്റത്തിന്റെ ഭാഗമായി സനയിലേക്കുള്ള പ്രധാന പാത ഭാഗികമായി തുറന്നു കൊടുത്തിട്ടുണ്ട്.
ഈ വഴികളില്‍ ഹൂതികള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിരുന്നതിനാല്‍ ഇവ നീക്കിയാണ് ഗതാഗതം പുനസ്ഥാപിക്കുന്നത്. ഇരു കക്ഷികള്‍ക്കുമിടയില്‍ വിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ തീരുമാനം യുഎന്‍ പ്രഖ്യാപിച്ചത്. ഇതിനിടെ ഹൂതികള്‍ നിരവധി തവണ കരാര്‍ ലംഘിച്ചതായി സൗദി സഖ്യസേന റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഹുദൈദ ഹൂതി നിയന്ത്രണത്തിലായ ശേഷം നിര്‍ത്തിവെച്ച ജീവനക്കാര്‍ക്കുള്ള ശമ്പളം നല്കാന് സര്‍ക്കാര്‍ രണ്ടു ദിനം മുമ്പ് സമ്മതിച്ചിരുന്നു.