കൊളംബോ: മഹീന്ദ രാജ്പക്സെ ശ്രീലങ്കയിലെ മുഖ്യപ്രതിപക്ഷ നേതാവാകും. രണ്ടുമാസം നീണ്ട രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കൊടുവിലാണ് രാജ്പക്സെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചത്. മുതിര്‍ന്ന തമിഴ് നേതാവ് ആര് സമ്പന്തനായിരുന്നു 2015 മുതല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത്.
സ്പീക്കര്‍ കരു ജയസൂര്യയാണ് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ രണ്ടുമാസംമുമ്പ് പുറത്താക്കിയ നടപടിക്കുശേഷം ചേര്‍ന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്പക്സെയെ പ്രതിപക്ഷ നേതാവാക്കുന്ന കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി തമിഴ് നാഷണല്‍ അലയന്‍സും ശ്രീലങ്കന്‍ മുസ്ലിം കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
എതിര്‍പ്പുമായി രംഗത്തെത്തിയവര്‍ ചൂണ്ടിക്കാട്ടുന്നത് അടുത്തിടെ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന രാജ്പക്സെയ്ക്ക് പാര്‍ലമെന്റ് അംഗമായി തുടരാനുള്ള യോഗ്യതയില്ലെന്നാണ്. 2015 ല്‍ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്ലിസിനൊപ്പം നിന്ന് പാര്‍ലമെന്റിലെത്തിയ രാജ്പക്സെ അടുത്തിടെ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു.
രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലേക്ക് രാജ്യത്തെ നയിച്ചത് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ കഴിഞ്ഞ ഒക്ടോബര്‍ 26 ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കിയ നടപടിയാണ്. മുന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്സെയെ അദ്ദേഹം തല്‍സ്ഥാനത്ത് അവരോധിക്കുകയും തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു.
എന്നാല്‍, രണ്ടുമാസം നീണ്ടരാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ വിക്രമസിംഗ കഴിഞ്ഞ ദിവസം വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അദ്ദേഹത്തെ പുറത്താക്കിയ സിരിസേന തന്നെയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.