ലണ്ടന്‍: ഇന്ത്യക്കാരന് അബ്ദുല്‍ കരീമിന്റെ ഓര്‍മകള്‍ ഉറങ്ങുന്ന വിന്‍ഡ്സറിലെ ഫ്രോഗ്മോര് കോട്ടേജ് ഇനി ഹാരി രാജകുമാരന്റെയും ഭാര്യ മേഗന് മാര്‍ക്കിളിന്റെയും കൊട്ടാരം. വിക്ടോറിയ രാജ്ഞിയുടെ വിശ്വസ്ത തോഴനായ് മാറിയ അബ്ദുല്‍ കരീമീന് രാജ്ഞിയുടെ സ്നേഹസമ്മാനമായിരുന്നു 35 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഫ്രോഗ്മോര് കോട്ടേജ്. 19ാം നൂറ്റാണ്ടിന്റെ അവസാനമാണ് അബ്ദുള്‍ കരീം ബ്രിട്ടനിലെത്തിയത്.
മേഗന്റെ പ്രസവത്തിനു ശേഷം അടുത്ത വര്‍ഷം രാജകുടുംബം ഇവിടേക്കു താമസം മാറും. രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ വിന്‍സര്‍ കൊട്ടാരത്തിനു സമീപത്തു തന്നെയാണ് ഫ്രോഗ്മോര് കോട്ടേജ്. പച്ചപ്പിനു നടുവിലുള്ള 10 കിടപ്പറകളുള്ള ഫ്രോഗ്മോര് കോട്ടേജിന് സമീപമാണ് വിക്ടോറിയയുടെയും ഭര്‍ത്താവ് ആല്‍ബര്‍ട്ട് രാജകുമാരന്റെയും ശവകുടീരം.
വിക്ടോറിയ രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്റെ 50 ാം വാര്‍ഷികത്തില്‍ അവരെ പരിചരിക്കുന്നതിനായി ഇംഗ്ലണ്ടിലെത്തിയ അബ്ദുല്‍ കരീം പിന്നീട് രാജ്ഞിയുടെ വിശ്വസ്തനായി മാറുകയായിരുന്നു. ഇതില്‍ അതൃപ്തിയുണ്ടായിരുന്ന രാജകുടുംബം രാജ്ഞിയുടെ മരണത്തിനു ശേഷം കരീമിനെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു.