ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ തര്‍ക്കിച്ചതിന് റദ്ദു ചെയ്ത സിഎന്‍എന്‍ മാധ്യമപ്രവര്ത്തകന് ജിം അകോസ്റ്റയുടെ പ്രസ് പാസ് വൈറ്റ് ഹൗസ് പുനഃസ്ഥാപിച്ചു. ഇതോടെ വൈറ്റ് ഹൗസിനെതിരായ കേസ് സിഎന്‍എന്‍ പിന്‍വലിച്ചു.
നവംബര്‍ ഏഴിന് വാര്‍ത്താ സമ്മേളനത്തില്‍ ട്രംപുമായി തര്‍ക്കിച്ചതിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് അകോസ്റ്റയുടെ പ്രസ് പാസ് റദ്ദു ചെയ്യുകയായിരുന്നു. ഇതിനെതിരെ സിഎന്‍എന്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പാസ് പുനഃസ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടു. മാധ്യമ സ്വതന്ത്ര്യം ഹനിക്കലാണ് നടപടിയെന്നാണ് സിഎന്‍എന്‍ വാദിച്ചത്.
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും പാസ് റദ്ദു ചെയ്യുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വാര്‍ത്താ സമ്മേളനങ്ങളില്‍ ഒരു മാധ്യമപ്രവര്ത്തകന് ഒരു ചോദ്യമേ ചോദിക്കാവൂ എന്നും പ്രസിഡന്റിന്റെ അനുമതിയോടെ മാത്രമേ തുടര്ചോദ്യങ്ങളാകാവൂ എന്നും വൈറ്റ് ഹൗസ് അറിയിച്ചു.