സിലിക്കണ്‍ വാലി: ലൈംഗികാതിക്രമത്തിനും അസമത്വത്തിനും എതിരെ പുതിയ നയങ്ങളുമായി ഗൂഗിള്‍ വരുന്നു. നയങ്ങളില്‍ കൊണ്ടുവരുന്നത് സുരക്ഷിതമായ തൊഴില്‍ സാഹചര്യമൊരുക്കുന്നതിനായി ലൈംഗികാതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി സുതാര്യമാക്കുന്നതുള്പ്പെടെയുള്ള മാറ്റങ്ങളാണ്.
കഴിഞ്ഞ ആഴ്ച ഗൂഗിളിലെ അസമത്വത്തിനും ലൈംഗികാതിക്രമത്തിനും എതിരായി 20,000ഓളം ജീവനക്കാര്‍ വാക്കൗട്ട് നടത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. ഗൂഗിള്‍ ചീഫ് എക്സിക്യുട്ടീവ് സുന്ദര്‍ പിച്ചൈ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി കമ്പനിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് തൊഴിലാളികള്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ അറിയിച്ചു.
ഒപ്പം സന്തുലിതവും ബഹുമാനപൂര്‍ണവുമായ തൊഴില്‍ സാഹചര്യം ഒരുക്കുമെന്നും ലൈംഗികാതിക്രമ പരാതി ഉന്നയിക്കുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണവും പിന്തുണയും നല്‍കുമെന്നും സന്ദേശത്തില്‍ പറയുന്നു.