മനാമ: ഖത്തറിലെ സ്വകാര്യമേഖലയില്‍ എക്സിറ്റ് പെര്‍മിറ്റ് സംവിധാനം ഇല്ലാതായി. ഇനിമുതല്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് പുതിയ സംവിധാനം പ്രകാരം എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കല്‍ ബാധകമല്ല. സെപ്തംബര്‍ ആദ്യവാരം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്.
ഇതിനായി തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിപ്രകാരം ഓരോ സ്ഥാപനത്തിനും അഞ്ചു ശതമാനം ജീവനക്കാരെ മാത്രമേ എക്സിറ്റ് ആവശ്യമുള്ളവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്താനാകൂ. ഈ അഞ്ചു ശതമാനം പേരെ പൂര്‍ണമായും സ്ഥാപനത്തിനു തീരുമാനിക്കാനാകും.
കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സുഗമമാക്കുന്നതിനാണ് അഞ്ചു ശതമാനംപേരെ എക്സിറ്റ് പട്ടികയില്‍ നിലനിര്‍ത്താന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഇത് സ്ഥാപനത്തിലെ പ്രധാന തസ്തികയില്‍ ജോലി ചെയ്യുന്നവരാകാം.
എക്സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ വിവരങ്ങള്‍ കമ്പനികളും തൊഴിലുടമകളും നല്‍കണം. ഇതിനായി പ്രത്യേക ഇ പ്ലാറ്റ്ഫോം മന്ത്രാലയം ഒരുക്കി. എന്തെങ്കിലും കാരണത്താല്‍ തൊഴിലാളിയെ നാട്ടിലേക്കുപോകാന്‍ അനുവദിച്ചില്ലെങ്കില്‍ എക്സ്പാട്രിയേറ്റ് എക്സിറ്റ് ഗ്രീവിയന്‍സ് സമിതിക്ക് പരാതി നല്‍കാം.