വാഷിംഗ്ടണ്‍: ഐഎന്‍എഫ് കരാറിലെ വ്യവസ്ഥകള്‍ റഷ്യ ലംഘിച്ചെന്നാരോപിച്ച് റഷ്യയുമായുള്ള ആണവായുധ കരാറില്‍നിന്ന് അമേരിക്ക പിന്മാറുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. 1987ല്‍ ശീതസമരത്തിന്റെ അവസാനഘട്ടത്തിലാണ് ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയാര്‍ ഫോഴ്സസ്(ഐഎന്‍എഫ്) കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവും ഒപ്പുവച്ചത്.
കരാര്‍ പ്രകാരം ഭൂമിയില്‍നിന്ന് വിക്ഷേപിക്കാവുന്ന 500 മുതല്‍ 5,500 കിലോമീറ്റര്‍വരെ പ്രഹരശേഷിയുള്ള മധ്യദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഈ വ്യവസ്ഥ റഷ്യ വര്‍ഷങ്ങളായി ലംഘിച്ചുവരികയാണെന്ന് ട്രംപ് ആരോപിച്ചു. കരാറില്‍നിന്ന് പിന്മാറിയാലും റഷ്യയെ ഇത്തരത്തിലുള്ള ആയുധങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
വര്‍ഷങ്ങളോളം റഷ്യയുടെ കരാര്‍ലംഘനം ഉണ്ടായിട്ടും എന്തുകൊണ്ട് ബറാക്ക് ഒബാമ പിന്മാറിയില്ല എന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞു. അടുത്തയാഴ്ച മോസ്കോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്ട്ടന് കരാറില്‍ നിന്നുള്ള പിന്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിക്കും.
എന്നാല്‍, ട്രംപിന്റെ തീരുമാനം അപായമായ നീക്കമാണെന്ന് റഷ്യ പ്രതികരിച്ചു. ഇതിനെതിരെ അന്താരാഷ്ട്രസമൂഹം മുന്നോട്ട് വരുമെന്നാണ് റഷ്യ പ്രതീക്ഷിക്കുന്നത്. ഏകധ്രുവലോകം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമേരിക്കയുടെ പുതിയ നീക്കമെന്നും റഷ്യ പ്രതികരിച്ചു.