സിയോള്‍: ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് കിം-ട്രംപ് രണ്ടാംവട്ട കൂടിക്കാഴ്ച ഉടന്‍. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം സംബന്ധിച്ച ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ രണ്ടാംവട്ട കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും യുഎസ് വിദേശസെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
രണ്ടാംകൂടിക്കാഴ്ചയയുടെ സമയവും സ്ഥലവും നിശ്ചയിക്കാനുള്ള ചര്‍ച്ച നടത്താന്‍ ഇരു രാഷ്ട്രവും തീരുമാനിച്ചു. ഞായറാഴ്ച ഉത്തര കൊറിയയിലെത്തിയ പോംപിയോ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ‘ആദ്യത്തേക്കാള്‍ കൂടുതല്‍ ഫലപ്രദമായിരുന്നു ചര്‍ച്ച. സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം മുന്നോട്ടുപോകും’ പോംപിയോയുടെ വക്താവ് ട്വിറ്ററില്‍ കുറിച്ചു. ഇരുനേതാക്കളും ഒരുമിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. ഇരുനേതാക്കളും മൂന്നുമണിക്കൂറോളം ചര്‍ച്ച നടത്തി.
കിമ്മുമായി ആണവനിരായുധീകരണ ചര്‍ച്ച നടത്തിയെന്ന് പിന്നീട് ദക്ഷിണകൊറിയയിലെത്തിയ പോംപിയോ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെ അറിയിച്ചു. ട്രംപ് , കിം രണ്ടാം കൂടിക്കാഴ്ച എത്രയും വേഗം ഉണ്ടാകുമെന്നും അറിയിച്ചു.