വാഷിംഗ്ടണ്‍: ഉത്തരകൊറിയയില്‍ നിന്നും എത്തിയിരുന്ന മനോഹരമായ കത്തുകളാണ് കിം ജോങ് ഉന്നുമായി സൗഹൃദം തീര്‍ത്തതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘കത്തുകള്‍ കൈമാറിയതോടെ ഞങ്ങള്‍ സ്നേഹത്തിലായി. ഞാന്‍ ഭയങ്കര കര്‍ക്കശക്കാരനാണ്. അദ്ദേഹവും അതുപോലെ തന്നെ. മനോഹരമായ അതോടൊപ്പം അസാധാരണമായ കത്തുകളാണ് അദ്ദേഹം എനിക്കയച്ചത്’ ട്രംപ് സന്തോഷപൂര്‍വം പറഞ്ഞു.
ശനിയാഴ്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാദേശിക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വെസ്റ്റ് വിര്‍ജീനിയയില്‍ നടത്തിയ റാലിയിലാണ് ട്രംപിന്റെ പ്രതികരണം. നേരത്തെയും കിമ്മിനെ പുകഴ്ത്തി യുഎന്നിലടക്കം ട്രംപ് നിലപാടെടുത്തിരുന്നു. ഉത്തരകൊറിയന്‍ ഭരണാധികാരിയുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്കുള്ള നടപടികള്‍ വേഗത്തിലാകുമെന്നും ട്രംപ് പറഞ്ഞു.