ദുബായ്: പൊതുസ്ഥലങ്ങളില്‍ മാന്യമല്ലാത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക്. മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് ദുബായിലെ പൊതു ഇടങ്ങളിലെത്തുന്നത് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമ വിദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. നഗരത്തിലെ ഷോപ്പിങ് മാളിലെത്തിയ ഒരു സ്ത്രീയോട് മാന്യമായ വസ്ത്രം ധരിക്കണമെന്ന് അവിടുത്തെ സെക്യൂരിറ്റി ജീവനക്കാര്ന് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് യുഎഇ മാധ്യമമായ ഖലീജ് ടൈംസ് ഇക്കാര്യത്തിലെ നിയമവശങ്ങള്‍ വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
മാന്യമായി വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെടുന്ന ബോര്‍ഡുകള്‍ ദുബായിലെ മിക്ക ഷോപ്പിങ് മാളുകളിലും കാണാനുമാവും. സന്ദര്‍ശകര്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് യുഎഇ സര്‍ക്കാറിന്റെ ഔദ്ദ്യോഗിക വെബ്സൈറ്റിലും വ്യക്തമാക്കുന്നുണ്ട്. സ്വദേശികള്‍ പരമ്പരാഗത വസ്ത്രം ധരിക്കുന്നവരാണെന്നും മാന്യമല്ലാതെയും ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായതുമായ വസ്ത്രധാരണം അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്നുമാണ് വെബ്സൈറ്റിലെ പരാമര്‍ശം. തോളുകളും കൈകളും കാലുകളും മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കൂടുതല്‍ നല്ലതായിരിക്കുമെന്നും ഔദ്ദ്യോഗിക വെബ്സൈറ്റ് പറയുന്നു.
യുഎഇയുടെ സംസ്കാരത്തെ ഇവിടെ എത്തുന്ന സന്ദര്‍ശകരും മാനിക്കണമെന്നാണ് സ്വദേശികളില്‍ പലരും അഭിപ്രായപ്പെടുന്നത്. എന്ത് ധരിച്ചാലും തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വസ്ത്രധാരണത്തിന് പരിധി നിശ്ചയിക്കുന്ന നിയമങ്ങള്‍ യുഎഇയില്‍ ഇല്ലെങ്കിലും ഫെഡറല്‍ പീനല്‍ കോഡ് അനുസരിച്ച് പൊതുസ്ഥലത്ത് മാന്യമല്ലാത്ത എന്തും ശിക്ഷാര്‍ഹമാണ്. ഇതിന് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. തുടര്‍ന്ന് നാടുകടത്തുകയും ചെയ്യുമെന്ന് നിയമ വിദഗ്ദര്‍ പറയുന്നു.