തിരുപ്പൂര്‍: എഥിലീന്‍ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത 2 ടണ്‍ മാമ്പഴം ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. കോര്പറേഷന് പ്രദേശത്തെ 18 മാമ്പഴ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയിലാണ് 6 ഗോഡൗണുകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.
ഇവിടെ നിന്ന് 2250 കിലോ മാമ്പഴം പിടിച്ചെടുത്തു നശിപ്പിച്ചു. കമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്കി പിഴ ഈടാക്കി. ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പു പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മായം കലര്‍ത്തിയ ഭക്ഷ്യവസ്തുക്കളുടെ വ്യാപകമായ വില്പന നടന്നുവരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നു കര്‍ശന പരിശോധന നടത്താന്‍ കലക്ടര്‍ എസ് വിനീത് ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പു മേധാവി വിജയ ലളിതാംബികയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ രവി, ബാലമുരുകന്, കേശവരാജ്, രഘുനാഥന്, വിജയരാജ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് എഥിലീന്‍ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത മാമ്പഴം പിടിച്ചെടുത്തത്.
ഇത്തരത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത പഴങ്ങള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ത്തുന്നതു ശ്രദ്ധയില്‍പെട്ടാല്‍ 94440 42322 എന്ന നമ്പറില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പരാതികള്‍ അറിയിക്കാം.