കീവ്: ഉക്രൈനിൽ നിന്നും രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യക്കാരനായ വിദ്യാർത്ഥി കൊല്ലപ്പെട്ടെന്ന വിവരമെത്തി. ഉക്രൈനിൽ നടക്കുന്ന റഷ്യയുടെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണ്ണാടക സ്വദേശി നവീൻ എസ്ജി (22) യാണ് കൊല്ലപ്പെട്ടത്.
നാലാം വർഷ മെഡിക്കൽ ബിരുദ വിദ്യാർഥിയാണ് നവീൻ. രാവിലെ സാധനങ്ങൾ വാങ്ങാനായി കടയിൽ പോയതായിരുന്നു നവീൻ. ഉക്രൈൻ സൈന്യം നിഷ്കർഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങൾ വാങ്ങാനായി കടയിൽ വരിനിൽക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
വിദ്യാർത്ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഖാർക്കീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ കുറിച്ചു.
ഇന്ന് രാവിലെയാണ് ഖാർക്കീവിൽ ഷെല്ലാക്രമണം ഉണ്ടായത്. വിദ്യാർത്ഥിയുടെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും ബാഗ്ചി കൂട്ടിച്ചേർത്തു.