കൊല്ലം: കേരളക്കരയെ ഒന്നടങ്കം നടുക്കിയ ഉത്രവധക്കേസില്‍ വിധി നാളെ. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. അഞ്ചല്‍ സ്വദേശിനിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊന്നത്. 2020 മെയ് ആറിനാണ് സംഭവം.
മെയ് ഏഴിനാണ് ഉത്രയെ വീട്ടിലെ കിടപ്പു മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണത്തില്‍ മുറിക്കുള്ളില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
അന്വേഷണത്തില്‍ നേരത്തെയും സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി കണ്ടെത്തി. സൂരജിന്റെ മറ്റ് ബന്ധുക്കളെ കൂടി പ്രതിയാക്കിയ ഗാര്‍ഹിക പീഡന കുറ്റപത്രം ആയിരത്തിലധികം പേജുകള്‍ ഉള്ളതാണ്. 217 സാക്ഷിമൊഴികളും 303 തെളിവുകളും ഉള്‍പ്പെടുന്നു.
പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് ഉത്രയെ കൊലപ്പെടുത്താനായി രണ്ടു തവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ച ക്രൂരകൃത്യം തെളിഞ്ഞത് . പാമ്പിനെ നല്കിയ സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം നടന്നത്.
ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങള്‍ അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹംചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം.