തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി വിവിധ പാര്‍ട്ടികള്‍ നാടിനെ ഇളക്കി മറിച്ചിരുന്നു. മൂന്നാഴ്ചയോളം നീണ്ട തീപാറും പോരാട്ടത്തിന്റെ പരസ്യപ്രചാരണം ഇന്നു അവസാനിക്കും. ഇന്ന് രാത്രി ഏഴു വരെ പരസ്യപ്രചാരണം നടത്താം.
അതേസമയം, മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പരസ്യപ്രചാരണം വൈകുന്നേരം ആറിനു അവസാനിപ്പിക്കണം. കോവിഡ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടിക്കലാശം നിരോധിച്ചിരുന്നു. പരമാവധി വോട്ടര്‍മാരെ നേരിട്ടു കണ്ടു വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും.
സിനിമാതാരങ്ങളെ അടക്കം പങ്കെടുപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തില്‍ ഇന്ന് റോഡ് ഷോ. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനായി ഇന്നു സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ എത്തുന്നുണ്ട്.
മലബാറിലും, നേമത്തും രാഹുല്‍ ഗാന്ധിയെത്തും. പ്രമുഖ നേതാക്കള്‍ വിവിധ മണ്ഡലങ്ങളില്‍ നടക്കുന്ന റോഡ് ഷോകളില്‍ പങ്കെടുക്കും. ബൈക്ക് റാലികള്‍ ഒഴിവാക്കിയാണ് റോഡ് ഷോകള്‍. ചൊവ്വാഴ്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച നിശബ്ദ പ്രചാരണമാണ്.