കുറവിലങ്ങാട്: തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 57കാരനെ നാടോടിസ്ത്രീ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തല്‍. കുറവിലങ്ങാട് ചീമ്പനായില്‍ സി എ തങ്കച്ചനെ (57)യാണ് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനു സമീപം വലിയതോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ സ്റ്റാന്‍ഡിനു സമീപം താല്‍ക്കാലിക ഷെഡില്‍ താമസിക്കുന്ന ഉഴവൂര്‍ പുല്പാറ കരിമാക്കില്‍ ബിന്ദു(31)വിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു.
മാര്‍ക്കറ്റിലെ മത്സ്യ വ്യാപാര കേന്ദ്രത്തില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്നു തങ്കച്ചന്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് ബസ് സ്റ്റാന്‍ഡിനു സമീപത്തെ ബാറില്‍ നിന്നു മദ്യം വാങ്ങിയ തങ്കച്ചന് ബിന്ദുവിനെ കൂട്ടി വലിയതോടിന്റെ കരയിലെത്തിയത്.
മദ്യലഹരിയിലായ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തങ്കച്ചന് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ഇതു തടയുന്നതിനു തടിക്കഷണം ഉപയോഗിച്ചു തങ്കച്ചന്റെ തലയ്ക്കടിച്ചു എന്നാണ് ബിന്ദു പൊലീസില്‍ നല്കിയ മൊഴി. തുടര്‍ന്ന് തോട്ടിലേക്കു തള്ളിയിട്ടു. ഉച്ചസമയമായിരുന്നതിനാല്‍ പരിസരത്ത് ആരും ഇല്ലായിരുന്നു.
വൈകിട്ട് നാലിനു തിരികെ എത്തിയ ബിന്ദു തോട്ടില്‍ കമഴ്ന്നു കിടക്കുന്ന തങ്കച്ചനെയാണ് കണ്ടത്. തുടര്‍ന്ന് സഹോദരിയെയും നാട്ടുകാരെയും വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഏതാനും വര്‍ഷം മുന്‍പ് യുവാവിനെ വെട്ടി പരുക്കേല്പിച്ച കേസില്‍ പ്രതിയായിരുന്നു ബിന്ദു.