കാസര്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ ബാഗ് വച്ച് ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങി തിരികെ എത്തിയപ്പോള്‍ ബസ് കാണാതെ വിഷമിച്ച റഷ്യന്‍ യുവാവിന് കേരളാ പോലീസ് തുണയായി.
റഷ്യയിലെ സെന്റ്പീറ്റേഴ്സ് ബര്‍ഗില്‍ നിന്നുള്ള കോണ്സ്റ്റാന്റയിന് ജെമോയിവ് ഇന്നലെയാണ് മംഗളൂരു നിന്നു കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിയത്. കണ്ണൂരിലേക്കുള്ള ബസില്‍ കയറി ബാഗ് വച്ച് പുറത്തിറങ്ങി. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോള്‍ ബാഗ് വച്ച ബസ് കാണാനില്ല. പാസ്പോര്‍ട്ട്, എടിഎം കാര്‍ഡ് ഉള്‍പ്പെടെ എല്ലാ രേഖകളും പഴ്സും, വസ്ത്രങ്ങളും ആ ബാഗിലായിരുന്നു.
എല്ലാം നഷ്ടമായെന്നു കരുതി തളര്ന്നുനില്ക്കാതെ ജെമോയിവ് ഉടന്‍ തന്നെ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് എസ്ഐ യുപി വിപിനും ജനമൈത്രി പോലീസും യുവാവിനെ കൂട്ടി ഡിപ്പോയില്‍ ചെന്നു. ആ സമയത്ത് പോയ ബസുകളുടെ കണ്ടക്ടര്‍മാരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് അവര്‍ക്ക് വിവരം നല്കി. ബാഗ് കെഎസ്ആര്‍ടിസി പയ്യന്നൂര്‍ ഡിപ്പോയില്‍ കിട്ടിയിട്ടുണ്ടെന്നറിഞ്ഞപ്പോളാണ് അദ്ദേഹത്തിന് ആശ്വാസമായത്.
ഉടന്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ നരേന്ദ്രന്, ടിവി രാഹുല്‍, ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ഭാരവാഹികളായ ഒകെ മഹമൂദ്, അബ്ദുല്‍ ഖാദര്‍ തെക്കില്‍ എന്നിവരുടെ കൂടെ ഇദ്ദേഹം കെഎസ്ആര്‍ടിസി പയ്യന്നൂര്‍ ഡിപ്പോയിലെത്തി. ബാഗ് തിരിച്ചുവാങ്ങിച്ചു.
ബാഗ് തിരിച്ചു കിട്ടിയപ്പോള്‍ ജീവന് തിരിച്ചു കിട്ടിയ അനുഭവമായിരുന്നു. ബാഗ് നഷ്ടമായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ജയിലില്‍ പോലും കഴിയേണ്ടി വരുമായിരുന്നു. 11 മാസം മുന്‍പ് ഇന്ത്യ കാണാനെത്തിയ കോണ്സ്റ്റാന്റയിന് ജെമോയിവ് കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയില്‍ തന്നെ തങ്ങുകയായിരുന്നു.