മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ എന്‍ജിനീയറെ ‘ചെളിയഭിഷേകം’ ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എയുടെ അതിക്രമം. റോഡില്‍ കുഴികള്‍ രൂപപ്പെട്ടതിന് എഞ്ചിനീയറുടെ ദേഹത്ത് ചെളി കോരി ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ നിതേഷ് റാണെയെ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈ – ഗോവ ഹൈവേയിലെ കുഴികള്‍ പരിശോധിക്കാന്‍ പോയ എംഎല്‍എയും സംഘവും സബ് എഞ്ചിനീയറായ പ്രകാശ് ഷെഡേക്കറുടെ തലയില്‍ ചെളി ബക്കറ്റ് കമഴ്ത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ വലിയ പ്രതിഷേധമാണുണ്ടായത്. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ എംഎല്‍എ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. എംഎല്‍എയ്ക്കൊപ്പം കൂട്ടാളികളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച മുംബൈ ഗോവ ഹൈവേയിലെ കന്‍കവാലിക്ക് അടുത്തുള്ള ഒരു പാലത്തില്‍ വെച്ച് എംഎല്‍എയും സംഘവും എഞ്ചിനീയറെ ആക്രമിക്കുകയായിരുന്നു. എഞ്ചിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ചതിന് പിന്നാലെ അദ്ദേഹത്തെ എംഎല്‍എയും സംഘവും പാലത്തോട് ചേര്‍ത്ത് കെട്ടിയിടുകയും ചെയ്തു.
കനകാവ്ലിയിലെ റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയാന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റിനും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തിയ എംഎല്‍എ റോഡിന്റെ നിലവിലെ സ്ഥിതി കണ്ട് എഞ്ചിനിയര്‍ പ്രകാശ് ഷെഡേക്കറോട് കയര്‍ത്ത് സംസാരിച്ചു. എങ്ങനെയാണ് ജനങ്ങള്‍ മണ്ണും ചെളിയും കുഴിയും നിറഞ്ഞ ഈ റോഡിലൂടെ ദിവസവും യാത്ര ചെയ്യേണ്ടതെന്ന് ചോദിച്ച എംഎല്‍എ, ജനങ്ങള്‍ ദിവസവും അനുഭവിക്കുന്ന അവസ്ഥ എഞ്ചിനീയറും മനസിലാക്കണമെന്ന് പറഞ്ഞ് ചെളിവെള്ളം ഷെഡേക്കറുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു.