കോഴിക്കോട്: ഹിന്ദി ന്യൂസ് ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ തുറന്നടിച്ച് ഡിവൈഎഫ്ഐ. അന്തസുള്ള രാഷ്ട്രീയ നേതാവാണെങ്കില്‍ ചാനലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കണമെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാകമ്മിറ്റി സംഭവത്തില്‍ പ്രതികരിച്ചു.
അതേസമയം, രാഘവനെതിരെ പുറത്തു വിട്ട അഴിമതി ആരോപണത്തെക്കുറിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിറ്റിംഗ് എംപികൂടിയായ രാഘവന് പൊട്ടിക്കരഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് എംകെ രാഘവന് കഴിഞ്ഞില്ല.
‘ഇനി തന്നെ അപമാനിക്കാന്‍ ബാക്കിയില്ല. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ലെന്നും ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ ഘടകമാണെന്നും എംകെ രാഘവന് ആരോപിച്ചു. ‘ഇനിയെന്നെ അപമാനിക്കാന്‍ ബാക്കിയില്ല. നമ്പി നാരായണന് പറഞ്ഞത് പോലെ, ആത്മഹത്യ ചെയ്യാന്‍ കഴിയില്ല’ എന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എംകെ രാഘവന് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. സിപിഎമ്മിനെപ്പോലുള്ള പാര്‍ട്ടി തന്നെയാണ് ഈ ആരോപണത്തിന് പിന്നിലെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും രാഘവന് ആരോപിച്ചു.
അപകീര്‍ത്തിപ്പെടുത്താന്‍ എത്ര നീചമായ മാര്‍ഗവും നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം, കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊല്ലുകയാണെങ്കില്‍ എന്നെ വെട്ടാതെ കൊല്ലുകയായിരുന്നുവെന്നും എല്ലാ മാധ്യമപ്രവര്‍ത്തകരും എന്നെക്കുറിച്ച് അന്വേഷിക്കൂ, എന്റെ സമ്പാദ്യത്തെക്കുറിച്ചും അന്വേഷിക്കൂ’, എന്നും രാഘവന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ ചാനല്‍ ടിവി 9 ആണ് എംകെ രാഘവന് കോഴ വാങ്ങുന്നതിന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മാര്‍ച്ച് മാസം 10 നാണ് ഒളിക്യാമറ ഓപ്പറേഷന് നടന്നത്. ബിഹാര്‍, പഞ്ചാബ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ സ്റ്റിങ് ഓപ്പറേഷന് പിന്നാലെയാണ് ടിവി 9 ചാനല്‍ കേരളത്തിലും ഒളിക്യാമറ ഓപ്പറേഷന് നടത്തിയത്.