ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനിലേക്ക് തക്കാളി അടക്കമുള്ള പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവെച്ചതിനെതിരെ പ്രതികരണവുമായി പാക് മാധ്യമപ്രവര്ത്തകന്. ‘പാകിസ്താന്റെ കരുത്ത് കണ്ട് പേടിച്ചാണ് തക്കാളി കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുന്നത്. തക്കാളി നിര്‍ത്തിക്കോളൂ, പകരം ആറ്റംബോംബായിരിക്കും അങ്ങോട്ടേക്ക് വരിക’ എന്നാണ് റിപ്പോര്‍ട്ടറിന്റെ പ്രതികരണം.
ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42.ടി വി റിപ്പോര്‍ട്ടറാണ് ഇന്ത്യയ്ക്കെതിരേ ഭീഷണി മുഴക്കിയത്. വാര്‍ത്ത പുറത്തു വന്നതോടെ പാക് മാധ്യമപ്രവര്‍ത്തകനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കയറ്റുമതി നിര്‍ത്തിയതിനെ തുടര്‍ന്ന് പാകിസ്താനില്‍ പച്ചക്കറിക്ക് വില നിയന്ത്രണാതീതമായിരിക്കുകയാണ്. ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനത്തില്‍ ഇന്ത്യ പിന്നീട് പശ്ചാത്തപിക്കുമെന്നും റിപ്പോര്‍ട്ടര്‍ ആവര്‍ത്തിച്ച് പറയുന്നു
നിലവില്‍ പാകിസ്താനില്‍ തക്കാളി വില കിലോയ്ക്ക് 180 രൂപ വരെയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ പെറ്റ്ലവാഡയില്‍ നിന്നുള്ള തക്കാളിക്ക് പാകിസ്താനില്‍ വന്‍ ഡിമാന്റാണ്. ഇന്ത്യയില്‍ 25 കിലോയ്ക്ക് 500 മുതല്‍ 600 രൂപ വരെ കിട്ടുന്ന തക്കാളിക്ക് പാകിസ്താനില്‍ 1200 മുതല്‍ 1500 രൂപ വരെ കിട്ടാറുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനിലേക്കുള്ള തക്കാളി കയറ്റുമതി നിര്‍ത്തിവെക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു. പാകിസ്താനിലേക്കുള്ള ഇറക്കുമതി തീരുവ 200 ശതമാനമാക്കിയതിന് പിന്നാലെയായിരുന്നു തക്കാളി കയറ്റുമതി നിര്‍ത്തിവെച്ചത്. ഇതില്‍ പ്രകോപിതനായാണ് മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണം.
"Tamatar ka jawab atom bomb se de gay." So much trash on our tv channels #TaubaTaubapic.twitter.com/2myeGCvECw
— Naila Inayat नायला इनायत (@nailainayat) February 23, 2019