ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസ്ത്രധാരണത്തെ കളിയാക്കി ബിജെപി എംപി ഹരീഷ് ദ്വിവേദി. ഡല്‍ഹിയില്‍ ജീന്‍സ് ധരിക്കുന്ന പ്രിയങ്ക യുപിയിലെത്തിയാല്‍ സാരിയും സിന്ദൂരവും ധരിക്കുമെന്നായിരുന്നു എംപിയുടെ വിവാദ പരാമര്‍ശം. എംപിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഇതിനെതിരെ കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗം ബികെസി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. രാഹുല്‍ പരാജയപ്പെട്ടു, അതുപോലെ തന്നെ പ്രിയങ്കയും പരാജയപ്പെടുമെന്നും എംപി പറഞ്ഞു.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായാണു പ്രിയങ്ക നിയമിതയായത്. രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രിയങ്കയുടെ സ്റ്റൈലിനെപ്പറ്റിയും സൗന്ദര്യത്തെപ്പറ്റിയും പരാമര്‍ശങ്ങള്‍ വന്നിരുന്നു. കൂടാതെ സ്റ്റൈലിനെയും രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലായ്മയെയും കുടുംബാധിപത്യത്തെയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെയും ഉള്‍പ്പെടുത്തിയുള്ള അധിക്ഷേപ പരാമര്‍ശങ്ങളും പല ഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നിരുന്നു