ബംഗളൂരു: സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ച വീട്ടുജോലിക്കാരിയെ ഫേസ്ബുക്ക് കുടുക്കി. മോഷ്ടിച്ച മൊബൈല്‍ ഫോണിലെ ഉടമയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയതാണ് വീട്ടുജോലിക്കാരിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. 31 വയസുകാരിയായ അശ്വനിയാണ് പിടിയിലായത്.
ബംഗലുരൂവിലാണ് സംഭവം. വീട്ടുജോലിക്കെന്ന വ്യാജേനെ നിന്ന ഗിരിനഗറിലെ വീട്ടില്‍ നിന്നാണ് അശ്വനി 100 ഗ്രാം സ്വര്‍ണവും മൊബൈല്‍ ഫോണും മോഷ്ടിച്ചത്. മൊബൈല്‍ ഫോണില്‍ ഉടമയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഓണ്‍ ചെയ്ത നിലയിലായിരുന്നു. പ്രൊഫൈല്‍ ചിത്രം മാറ്റിയതായി വീട്ടുടമയുടെ മകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ പോലീസിനെ സമീപിച്ചു. ഇതാണ് പ്രതിയെ പിടികൂടുന്നതില്‍ വഴിത്തിരിവായത്.
അശ്വനി ഉടമയുടെ പ്രൊഫൈല്‍ ചിത്രം മാറ്റി പകരം തന്റെ അഞ്ചുവയസുളള മകളുടെ ചിത്രമാണ് നല്‍കിയത്. ഇതില്‍ സംശയം തോന്നിയ വീട്ടുടമ ആദ്യം അശ്വിനിയോട് കാര്യങ്ങള്‍ ചോദിച്ചു. എന്നാല്‍ ഒന്നും അറിയില്ല എന്ന് ഇവര്‍ മറുപടി നല്കി. തുടര്‍ന്ന് പോലീസില്‍ കുടുംബം പരാതി നല്‍കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തിട്ടും പ്രതി മോഷണം നടത്തിയിട്ടില്ലെന്ന് തന്നെ തറപ്പിച്ചുപറഞ്ഞു. തുടര്‍ന്ന് അവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റതിന്റെ തെളിവ് ലഭിക്കുകയായിരുന്നു.