ഗുവഹാത്തി: ജനങ്ങള്‍ക്ക് വാഗ്ദാനങ്ങളുടെ പെരുമഴ സമ്മാനിച്ച് അസമിലെ ബിജെപി സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഒരു രൂപയ്ക്ക് അരിയും പെണ്‍കുട്ടികളുടെ വിവാഹത്തിന് സ്വര്‍ണ്ണ നാണയങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രഖ്യാപനങ്ങളുമായാണ് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചത്.
നേരത്തെ മൂന്ന് രൂപയ്ക്ക് നല്‍കിയിരുന്ന അരി ഒരു രൂപ നിരക്കില്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണത്തിന് പത്ത് ഗ്രാം സ്വര്‍ണ്ണവും നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും വാഗ്ദാനങ്ങള്‍ മാത്രമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അസം ജനതയുടെ മികച്ച ജീവിതമാണ് ബജറ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിമര്‍ശനങ്ങളെ എതിര്‍ത്തുകൊണ്ട് ധനമന്ത്രി ഹിമന്തബിശ്വശര്‍മ പറഞ്ഞു.