പെരിന്തല്‍മണ്ണ: കനകദുര്‍ഗയ്ക്ക് ഭര്‍തൃ വീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും കോടതി അനുമതി. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി പ്രസ്താവിച്ചത്. അങ്ങാടിപ്പുറത്തെ വീട്ടില്‍ എത്തുന്ന കനകദുര്‍ഗയെ ആരും തടയരുതെന്നും കോടതി ഉത്തരവിട്ടു.
ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് കനകദുര്‍ഗ പരാതി നല്‍കിയത്. ശബരിമല ദര്‍ശനം നടത്തിയതിന് ശേഷം സംഘപരിവാര്‍ പ്രതിഷേധം ഭയന്ന് ഒളിവില്‍ താമസിക്കുകയായിരുന്നു കനകദുര്‍ഗ. പിന്നീട് ഭര്തൃവീട്ടിലെത്തിയപ്പോള്, ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും ചേര്‍ന്ന് ശാരീരികമായി ഉപദ്രവിച്ചെന്നും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നുമാണ് പരാതി.
ഭര്‍തൃവീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വനിതാ ഷെല്‍ട്ടറിലാണ് ഇവരുടെ താമസം. ഇന്നലെ കനകദുര്‍ഗയുടെ ഹര്‍ജി കോടതി പരിഗണിച്ചെങ്കിലും ഒരു മണിക്കൂറോളം വാദം കേട്ടശേഷം വിധിപറച്ചില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു.
സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട രേഖകളടക്കം കോടതിയില്‍ ഹാജരാക്കിയിരുന്നു. സുപ്രീംകോടതിയില്‍ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്നും കനകദുര്‍ഗയുടെ അഭിഭാഷക അറിയിച്ചു.
കനകദുര്‍ഗ പോലീസിനെ സമീപിച്ചതിന് പിന്നാലെ തന്നെയും മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് സുമതിയും പോലീസില്‍ പരാതി നല്കി. ഈ പരാതിയിലും പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.