അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് സമ്മാനം വീണ്ടും മലയാളിക്ക്. ഈ മാസത്തെ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ബംബര്‍ സമ്മാനമാണ് മലയാളിയായ പ്രശാന്ത് പണ്ടാലത്തിലിനെ തേടി എത്തിയത്. 19 കോടി 45 ലക്ഷം ഇന്ത്യന്‍ രൂപയോളം വരുമിത്.
ദുബായില്‍ ജോലി ചെയ്യുകയാണ് പ്രശാന്ത്. ജനുവരി നാലിനായിരുന്നു ഇയാള്‍ ഓണ്‍ലൈനിലൂടെ ടിക്കറ്റ് സ്വന്തമാക്കിയത്. 041945 നമ്പര്‍ ടിക്കറ്റിനായിരുന്നു നറുക്ക് വീണത്. ഇത്തവണ സമ്മാനം ലഭിച്ച പത്ത് ഭാഗ്യശാലികളില്‍ ആറുപേരും ഇന്ത്യക്കാരാണ്.
രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം ഇന്ത്യക്കാരനായ കുല്‍ദീപ് കുമാറിനാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തിന് ദക്ഷിണ കൊറിയക്കാരനും അഞ്ചും ഒമ്പതും സ്ഥാനത്തിന് പാകിസ്താന് സ്വദേശികളും അര്‍ഹരായി.